തിരുവനന്തപുരം:തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പോലീസ് കസ്റ്റഡിയിലായി. മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോക്സോ കേസില്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് ഇമാം ഒളിവില്‍ പോയത്. ഇമാം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉടമയായ ഫാസിലിനെയും പോലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്.
ഇമാമിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്.
തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് നല്കിയ പരാതിയെത്തുടര്‍ന്നാണ് പീഡനവിവരം പുറംലോകമറിയുന്നത്. പേപ്പാറ വനമേഖലയിലേക്ക് ഇമാം പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോകുന്നത് തൊഴിലുറപ്പുജോലി ചെയ്യുന്ന സ്ത്രീകള്‍ കണ്ടിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. എന്നാല്‍ പെണ്‍കുട്ടിയും കുടുംബവും പരാതി നല്കാന് തയ്യാറായില്ല.തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞതും പോലീസ് കേസെടുത്തതും. പീഡനക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ജമാഅത്തില്‍ നിന്നും ഇമാമിനെ മാറ്റിയിരുന്നു.