പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗികവേഴ്‌ച നടത്തുന്നതു പീഡനക്കുറ്റമാകുമെന്നു സുപ്രീം കോടതി വിധിച്ചു. 15ൽ കുറയാതെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375 (2) വ്യവസ്ഥ തെറ്റെന്നു വിലയിരുത്തിയുള്ളതാണു ജഡ്‌ജിമാരായ മദൻ ബി.ലൊക്കൂർ, ദീപക് ഗുപ്‌ത എന്നിവരുടെ ബെഞ്ചിന്റെ വിധി.
കുട്ടികളെ ലൈംഗിക കുറ്റങ്ങളിൽനിന്നു സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ (2012) 18 വയസ്സിൽ താഴെയുള്ളയാൾ എന്നതാണു കുട്ടി എന്നതിനുള്ള നിർവചനം. അതുമായി ഒത്തുപോകുന്നതാണ് ഐപിസി സെക്‌ഷൻ 375 (2) ഇളവു തെറ്റാണെന്ന വിലയിരുത്തൽ. ഭാര്യയ്ക്കു പതിനഞ്ചിനും പതിനെട്ടിനുമിടയിലാണു പ്രായമെങ്കിൽ ലൈംഗികവേഴ്ച കുറ്റകരമല്ലെന്ന ഇളവ് ശിക്ഷാനിയമത്തിൽ 1950ൽ ആണു കൂട്ടിച്ചേർത്തത്.
ബാലവിവാഹങ്ങൾ നിയമവിരുദ്ധമാണെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതി രാജ്യത്തു പലയിടത്തുമുണ്ട്. ഇതു ചൂണ്ടിക്കാട്ടി ‘ഇൻഡിപെൻഡന്റ് തോട്ട്’ എന്ന സംഘടന നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഐപിസി വ്യവസ്‌ഥയിലെ ഇളവ് പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മൗലികാവകാശം ലംഘിക്കുന്ന നടപടിയാണെന്നു ഹർജിക്കാർ വാദിച്ചു.