ടോക്കിയോ : ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നും കാണാതായ 11 ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.11 പേരും കപ്പലിലെ ജീവനക്കാരാണ്. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കപ്പല്‍ ജീവനക്കാര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതായി ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് വക്താവ് കമാന്‍ഡര്‍ അര്‍മാന്‍ഡ് ബലിലോ അറിയിച്ചു.

മേഖലയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹോങ്കോംഗ് കപ്പല്‍ പാപുവാന്‍ ചീഫും രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തുണ്ട്.

26 ഇന്ത്യക്കാരുമായി ഹോങ്കോംഗില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് പോയ എമറാള്‍ഡ് സ്റ്റാര്‍ എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 15 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട കപ്പലിന് സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാരാണ് 15 പേരെ രക്ഷപെടുത്തിയത്. പസഫിക് സമുദ്രത്തിലെ ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ടാണ് കപ്പല്‍ മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

ഫിലിപ്പീന്‍സ് വടക്കുകിഴക്കന്‍ തീരത്തിന് 280 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. കപ്പലില്‍നിന്ന് അപായ സിഗ്നല്‍ ലഭിച്ചിരുന്നുവെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായാണ് റിപ്പോര്‍ട്ട്.