ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യപ്രസാധകര്‍ക്ക് പുതിയ നിയമങ്ങളുമായി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇനിമുതല്‍ പരസ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം ഉണ്ടായിരുന്നു. ഇതില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ അന്വേഷണം നേരിടുന്ന അവസരത്തിലാണ് സക്കര്‍ബര്‍ഗിന്റെ പുതിയ തീരുമാനം.

തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ഫെയ്‌സ്ബുക്ക് തന്നെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പിനൊടനുബന്ധിച്ചായിരിക്കും പരസ്യ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.

സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്താത്ത പരസ്യ പ്രസാധകരെ അവര്‍ രാഷ്ട്രീയ പരസ്യ പ്രസാധകരാണോ എന്ന തിരിച്ചറിയുന്നതിനായി മെഷീന്‍ ലേണിങ് സംവിധാനവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കും. പരസ്യങ്ങളെ വിലയിരുത്തുന്നതിനായി ആയിരക്കണക്കിന് ആളുകളെ ചുമതലപ്പെടുത്തുമെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പരസ്യ പ്രസാധകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന ട്വിറ്റര്‍ അധികൃതരുടെ തീരുമാനത്തിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കും രാഷ്ട്രീയ പരസ്യങ്ങളില്‍ സ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നത്.