സോഷ്യല്‍ മീഡിയ നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് ഓണ്‍ലൈന്‍ ക്യാംമ്പെയ്‌നുകള്‍ സര്‍വ്വസാധാരണമാണ്. കഴിഞ്ഞ 24 മണിക്കൂറായി ഫേസ്ബുക്കില്‍ നിറഞ്ഞ് നില്‍ക്കുന്നത് ‘മി ടൂ’ ക്യാംമ്പെയ്‌നിന്റെ ഭാഗമായുള്ള പോസ്റ്റുകളാണ്.

മി ടൂ ക്യാംമ്പെയ്‌നെന്നാല്‍, നാളിത് വരെയുള്ള ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ലൈംഗികമായി ആക്രമണമോ പീഡനമോ അനുഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വാളില്‍ #metoo എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ഇടാം, ഒപ്പം നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുമാകാം.

ക്യാംമ്പെയ്ന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ഒട്ടുമിക്കപേരും പോസ്റ്റുന്ന കാഴ്ച്ചയാണ് ഫേസ്ബുക്കില്‍ കണ്ടത്. മീ ടൂ എന്നെഴുതിയിടുന്നതിലൂടെ ഇരയാകേണ്ടി വന്നതിലെ സഹതാപമോ അപകര്‍ഷതയോ അല്ല, സംഭവിച്ചത് വിളിച്ച് പറയാന്‍ കഴിയുന്ന ധൈര്യമാണ് എവിടെയും കാണുന്നത്. ഇരയല്ല, മറിച്ച് പോരാളിയാണ് തങ്ങള്‍ എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് സ്ത്രീ സമൂഹം.കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തതോടെ വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ആളൊഴിഞ്ഞ പുരയിടത്തിലും തിരക്കുള്ള വണ്ടികളിലും നേരിട്ടതിനെ ഓര്‍ത്ത് ലജ്ജിച്ച് തല കുനിക്കാനും മൗനം പാലിക്കാനും മാത്രം ശീലിച്ചവരല്ല, ശബ്ദമുയര്‍ത്തി വേണ്ട എന്ന് പറയാനും ആവശ്യമെങ്കില്‍ തങ്ങള്‍ക്ക് നേരേ നീണ്ടുവരുന്ന കൈകള്‍ക്ക് നേരെ കൈയ്യുയര്‍ത്താനും മടിയില്ല ഇന്നത്തെ പെണ്‍സമൂഹത്തിന്.

സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്‌

റിമാ കല്ലിങ്കല്‍  ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്‌

അനുകൂലിക്കുന്നവരെ പോലെ തന്നെ വിമര്‍ശിക്കുന്നവരും ഏറെയാണ്. കെട്ടിചമച്ച കഥകളാണ് വാളുകളില്‍ നിറയുന്നതെന്ന് ഒരു കൂട്ടം വാദിക്കുന്നുണ്ട്. എങ്കിലും ക്യാംമ്പെയ്‌നിന്റെ ഭാഗമായി അനുഭവങ്ങള്‍ വെളിപ്പെടുത്തി, ഒന്നിനും മുന്നില്‍ തോറ്റുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ചുണക്കുട്ടികളാണ് ഇക്കൂട്ടര്‍ക്കുള്ള മറുപടി.