തിരുവനന്തപുരം: മംഗളം ചാനല്‍ മന്ത്രി ശശീന്ദ്രനെ കുടുക്കിയതാണെന്നും ഫോണ്‍കെണി ആസുത്രണം ചെയ്ത മംഗളം ചാനല്‍ മേധാവി ആര്‍.അജിത്കുമാറിനെതിരെ കര്‍ശന നടപടി എടുക്കണമെന്നും ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്.
വാണിജ്യ താത്പര്യം കണക്കിലെടുത്താണ് ചാനല്‍ ഫോണ്‍കെണി ആസൂത്രണം ചെയ്തതെന്നും ചാനലിന്റെ ഉദ്ഘാടന ദിവസം തന്നെ ഒളിക്യാമറ വിവാദം അവതരിപ്പിച്ച സിഇഒ കൂടിയായ അജിത് കുമാറിനാണ് ഈ കെണിയുടെ പൂര്‍ണ ഉത്തരവാദിത്വമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഭവത്തിലൂടെ സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ് അജിത് കുമാര്‍ നടത്തിയത്. ഇതിന് പുറമെ ഫോണ്‍ കെണിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൊതുഖജനാവിന് നഷ്ടം വരുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ചാനലിനെതിരെ നടപടിയെടുക്കുന്നതിന് പുറമെ ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.