കൊച്ചി:ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു.സമരം അവസാനിച്ചതായി സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചു.ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലില്‍ കഴിഞ്ഞ 14 ദിവസമായി തുടര്‍ന്ന് വന്ന നിരാഹാര സമരം ഫ്രാങ്കോയുടെ അറസ്റ്റോടെ ഇന്നലെ രാത്രി അവസാനിപ്പിച്ചിരുന്നു.എന്നാല്‍ സമരം ഔദ്യോഗികമായി അവസാനിപ്പിക്കുന്നത് കന്യാസ്ത്രീകളുടെ സാന്നിധ്യത്തിലായിരിക്കുമെന്ന് സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ അറിയിക്കുകയായിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റോടെ സമരപ്പന്തലിലെത്തിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ അറസ്റ്റില്‍ സന്തോഷം അറിയിച്ചു.അതേസമയം നീതി എന്നാല്‍ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.കേസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായാല്‍ സമരം അടുത്തഘട്ടത്തിലേക്ക് നീങ്ങുമെന്നാണ് സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്.
പതിനാല് ദിവസത്തെ സമരത്തിന് പിന്തുണയുമായി സാമൂഹ്യ,സാംസ്കാരിക, സാഹിത്യ രംഗത്തുള്ളവരും പൊതു ജനങ്ങളും സഭാ വിശ്വാസികളും അണി ചേര്‍ന്നത് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് വഴിതെളിച്ചു.