കൊച്ചി:ലൈഗീംക പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയതിന് സഭയുടെ പ്രതികാര നടപടി നേരിടുന്ന കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു.ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് തങ്ങളെ സ്ഥലം മാറ്റുന്നതെന്നും സ്ഥലംമാറ്റം തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.കേസിന്റെ കാലാവധി തീരുംവരെ കുറവിലങ്ങാട്ട് തുടരാന്‍ അനുവദിക്കണമെന്നും സാക്ഷികളായ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം .നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ ബിഷപ്പ് ശ്രമിക്കുകയാണ്.സ്ഥലം മാറ്റിക്കൊണ്ടുള്ള മദര്‍ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തിയെന്നും ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദര്‍ സുപ്പീരിയര്‍ എന്നും കത്തില്‍ പറയുന്നു.
പുറത്തു പോകാനും മരുന്നു വാങ്ങാനും മറ്റ്അ ത്യാവശ്യങ്ങള്‍ക്കുപോലും തങ്ങളുടെ കൈയില്‍ പണമില്ലെന്നും വളരെ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.സ്ഥലം മാറ്റത്തിലൂടെ തങ്ങളെ ഒറ്റപ്പെടുത്തി മാനസീകമായി പീഡിപ്പിക്കാനാണ് ശ്രമമെന്നും ഇവര്‍ പറയുന്നു.
സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്കുമാണ് മാറ്റിയത്.ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.