കോട്ടയം:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം നാളെ സമര്‍പ്പിക്കും.നാളെ പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ബിഷപ്പിനെതിരെ ചുമത്തിയിട്ടുണ്ട്.ഫ്രാങ്കോ മുളക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ട്.2000 പേജുള്ള കുറ്റപത്രത്തില്‍ 10 പേരുടെ രഹസ്യമൊഴിയുണ്ട്.രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്.കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം.
ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നതിനിടെയാണ് കൂടുതല്‍ വൈകിപ്പിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കന്യാസ്ത്രീ പരാതിക്കാരി ആയ കേസില്‍ ബിഷപ്പ് പ്രതിയായി കോടതിയില്‍ വിചാരണ നേരിടുന്നു എന്ന നിലയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമെന്നാണ് കേസിനെ വിശേഷിപ്പിക്കുന്നത്.
വൈക്കം ഡിവൈഎസ്പി കെ.സുബാഷ്, എസ്.ഐ എം.പി.മോഹന്‍ദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സി.ഐമാരായ പി.വി മനോജ് കുമാര്‍, കെ.എസ്.ജയന്, സിവില്‍ പോലീസ് ഓഫീസര്‍ പി.വി.അനില്‍കുമാര്‍, വനിത പോലീസ് ഓഫീസര്‍ കെ.ജി.ശ്രീജ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്.