കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം നല്‍കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.
ബിഷപ്പ് ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.കെട്ടിച്ചമച്ച കേസാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ പറഞ്ഞു.എന്നാല്‍ ഇത് കാര്യമാക്കാതെ ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30വരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നുവെന്നും ജാമ്യാപേക്ഷ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.ഫ്രാങ്കോയെ കോടതിയില്‍ നിന്ന് കുറുവിലങ്ങാട് മഠത്തിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് വിവരം.