ബംഗളുരു: ബംഗളുരു എഫ്സിയുടെ ഗോള്‍ കീപ്പറായ ഗുര്‍പ്രീത് സിംഗ് സന്ധുവിന് രണ്ടു മത്സരങ്ങളില്‍ വിലക്കും ഏഴുലക്ഷം രൂപ പിഴയും. ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്കകമ്മറ്റിയാണ് ശിക്ഷവിധിച്ചത്. പത്തു ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഐഎസ്എല്ലില്‍ ഗോവയ്ക്കെതിരെ നടന്ന മത്സരത്തില്‍ മുന്നേറ്റനിരയിലെ മാനുവല്‍ ലാന്‍സറോട്ടിയെ ഫൗള്‍ ചെയ്തതിന് ഡയറക്ട് റെഡ്കാര്‍ഡാണ് റഫറി സന്ധുവിന് നല്‍കിയത്. ലാന്‍സറോട്ടിയുടെ കഴുത്തില്‍ ബലമായിപ്പിടിച്ചതായിരുന്നു പിഴവ്. സന്ധുവിന്റെ അഭാവത്തില്‍ ബംഗളുരു എഫ്സി 4-3-ന് ഗോവയോട് പരാജയപ്പെട്ടിരുന്നു.

ബംഗളുരുവിന്റെ അടുത്ത മത്സരങ്ങള്‍ നോര്‍ത്ത് ഈസ്റ്റിനെതിരേയും പൂനെ എഫ്സിയ്ക്കെതിരെയുമാണ്. രണ്ടും സന്ധുവിന് നഷ്ടപ്പെടും. ഐഎസ്എല്‍ നാലാം സീസണില്‍ നല്ല തുടക്കം ലഭിച്ച ടീമായിരുന്നു ബംഗളുരു.

ഐഎസ്എല്‍ നാലാം സീസണില്‍ ഇത് രണ്ടാമത്തെ അച്ചടക്കനടപടിയാണ്. നേരത്തെ മുംബൈയുടെ ബ്രസീലുകാരനായ സഹപരിശീലകന് ഏഴുലക്ഷം രൂപ പിഴ വിധിക്കുകയും നാലുമത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.