ബെംഗളൂരു:ബന്ദിപ്പൂര്‍ കടുവാസംരക്ഷണകേന്ദ്രത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം.വനത്തിലൂടെയുള്ള ദേശീയപാതയിലൂടെ രാത്രിയാത്ര അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി വ്യക്തമാക്കി.
ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള ദേശീയപാത 212 ലൂടെയുള്ള യാത്രയ്ക്ക് രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാത്രിയാത്രാ നിരോധനം നീക്കുന്നതിനും റോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കിയിരുന്നു.അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.കേരളം വളരെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്.
ദേശീയ പാത 212 ന്റെ ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോകുന്ന 25 കിലോമീറ്റര്‍ ദൂരത്തില്‍ വയനാടു മുതല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് ആകാശപാതകള്‍ നിര്‍മ്മിക്കുക എന്ന കേന്ദ്രത്തിന്റെ നിര്‍ദേശവും കര്‍ണ്ണാടകം തള്ളിയിരുന്നു.