തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകവേ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചു.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്.ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് അദീബ് പറയുന്നത്.തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയക്കണമെന്നു അദീബ് ആവശ്യപ്പെട്ടു.അദീബിന്റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു.അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്.യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു.എന്നാല്‍ പാണക്കാട് തങ്ങളോ പി.കെ.കുഞ്ഞാലിക്കുട്ടിയോ വന്നാല്‍ ബന്ധുനിയമന വിവാദത്തില്‍ സംവാദം പരിഗണിക്കാമെന്നായിരുന്നു ജലീല്‍ പറഞ്ഞത്.