ചാലക്കുടി:ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന് പത്തു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പ്രചരണം കോണ്‍ഗ്രസ് എല്‍എമാര്‍ ഏറ്റെടുക്കും. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്,എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍, വി.പി സജീന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തില്‍ ബെന്നി ബഹനാനു വേണ്ടി പര്യടനം നടത്തും.ജില്ലയിലെ എംഎല്‍എ മാരായ വി ഡി സതീശന്‍, പി ടി തോമസ് എന്നിവരും പ്രചാരണത്തിനെത്തും. ആലുവയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുമെന്നാണറിയുന്നത്.കഴിഞ്ഞവട്ടം സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയാ ഇന്നസെന്റ് പിടിച്ചെടുത്ത മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ തീരുമാനം. ചാലക്കുടിയില്‍ ഇടത് എംപിയായ ഇന്നസെന്റിനെതിരായ വികാരമുണ്ടെന്ന വിവിധ സര്‍വേകളും പറയുമ്പോള്‍ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്.