ന്യൂഡല്‍ഹി:ബലാക്കോട്ടിലെ ഭീകരക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ചോദിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്.കൂടുതല്‍ വിവരം അറിയേണ്ടവര്‍ പാക്കിസ്ഥാനില്‍ പോയി പരിശോധിക്കണമെന്ന ആസ്സാമിലെ ദുബ്രിയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ രാജ്‌നാഥ് സിംഗ് പറഞ്ഞു.
‘ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിക്കുമോ? എന്ത് നാടകമാണ് ഇവിടെ നടക്കുന്നത്? കോണ്‍ഗ്രസിലെ എന്റെ സുഹൃത്തുക്കള്‍ക്ക് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി അറിയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പാകിസ്ഥാനില്‍ പോയി പരിശോധിക്കാം.” രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബാലാകോട്ടില്‍ ആക്രമണം നടക്കുന്ന ദിവസം മുന്നൂറ് മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നു എന്ന എന്‍ടിആര്‍ഒ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച രാജ്‌നാഥ് സിംഗ് അവിടെയുണ്ടായിരുന്ന മരങ്ങളാണോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്നും ചോദിച്ചു.
ബലാക്കോട്ടിലെ ആമ്രണത്തില്‍ വിദേശമാധ്യമങ്ങളടക്കം സംശയം പ്രകടിപ്പിച്ചിരുന്നു.ബിജെപി സൈനീകാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷവും ആരോപിച്ചിരുന്നു.മുന്നുറോളം ഭീകരര്‍ മരിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോട്ടട്ടു ചെയ്യുമ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത് 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ്. അമിത്ഷായ്ക്കു മാത്രം ഈ വിവരം എവിടെനിന്നു കിട്ടിയെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.