തിരുവനന്തപുരം:സമൂഹമാധ്യമത്തെ ഫലപ്രദമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ വീണ്ടും കെപിസിസി അധ്യക്ഷന്‍. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കരുതെന്നും സഭ്യേതരമായ പ്രയോഗങ്ങള്‍ ഒഴിവാക്കി അച്ചടക്കം പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് താക്കീത് നല്കി. എന്നാല്‍ ബല്‍റാമിന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എഴുത്തുകാരി കെ ആര് മീരയെ പരിഹസിച്ചുകൊണ്ടുള്ള വി ടി ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ബല്‍റാം അനുകൂലികള്‍ അതിരൂക്ഷമായ പദപ്രയോഗങ്ങള്‍ കൊണ്ടാണ് മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്.ഇതിനു പിന്നാലെ മുല്ലപ്പള്ളിക്കെതിരെ ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.
ബല്‍റാം ആരാധകവൃന്ദം വളര്‍ത്തുന്നതില്‍ തെറ്റില്ല. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന നേതാക്കള്‍ അച്ചടക്കം പാലിക്കണം.അച്ചടക്കമില്ലാതെ കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകാനാകില്ല. എകെജിയെ ആക്ഷേപിച്ചുള്ള പഴയ പോസ്റ്റിനെയും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.എകെജി എന്ന സ്വാതന്ത്രസമര സേനാനിയുടെ സംഭാവന മറക്കാന്‍ പാടില്ല. എന്നാല്‍ വിഷയത്തില്‍ ബല്‍റാമിന് പരസ്യമായ താക്കീത് നല്കാന് മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ നിന്നിറങ്ങി ബല്‍റാം ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണം.പൊതുപ്രവര്ത്തകന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ ഉത്തവാദിത്തങ്ങള്ക്കിടയില് സൗകര്യമുള്ള സമയത്താണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്ന മറുപടിയുമായി ബല്‍റാം ഫേസ്ബുക്കിലൂടെത്തന്നെ രംഗത്തെത്തി.അതോടൊപ്പം തന്റെ ഒരു ദിവസത്തെ പരിപാടികളുടെ വിവരങ്ങളും ബല്‍റാം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.