കൊച്ചി:കോടതി ആവശ്യപ്പെട്ടാല്‍ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസില്‍ ഇതുവരെ നടത്തിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കെ.എം.മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് നേരത്തേ കോടതി തള്ളിയിരുന്നു.പുനരന്വേഷണം നടത്തണമെന്ന നിര്‍ദേശത്തോടെ റിപ്പോര്‍ട്ട് തള്ളിയ കോടതിയുടെ നടപടിക്കെതിരെ കെഎം മാണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തന്നെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി നടപടി അസാധുവാക്കണമെന്നും തനിക്ക് നേരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും മാണിയുടെ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം മാണിക്ക് നേരെ വീണ്ടും അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ അനുമതി തേടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് അച്യുതാനന്ദനും ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തി.രണ്ട് പേരുടേയും ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കേസില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടത്.ഇതനുസരിച്ചാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.