തിരുവനന്തപുരം:വാഹനാപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.ബോധം തെളിഞ്ഞ ഉടന്‍ ലക്ഷ്മി മകളെ അന്വേഷിച്ചതായി ബന്ധുക്കള്‍ പറയുന്നു.മകള്‍ തേജസ്വിയുടെ മൃതദേഹം എംബാം ചെയ്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം ബാലഭാസ്കറിന് ബോധം തെളിയുമെന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്.എന്നാല്‍ ഇതുവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു.നട്ടെല്ലിനും നാഡീവ്യവസ്ഥയ്ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ബാലഭാസ്കര്‍.ശസ്ത്രക്രിയയ്ക്ക് ശേഷവും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെവരുമ്പോള്‍ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.മകള്‍ തേജസ്വി ബാല ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു.