മുംബൈ:ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ സാബുമോന്‍ അബ്ദുസമദ് എന്ന തരികിട സാബു ജേതാവായി.
വിവാദങ്ങള്‍ക്കു പിന്നാലെ വിവാദങ്ങളുമായി മലയാളികള്‍ക്ക് വെറുക്കപ്പെട്ടവനായി ബിഗ് ബോസിലെത്തിയ സാബു ഒടുവില്‍ താനുണ്ടാക്കിയ ചീത്തപ്പേരെല്ലാം മായ്ച്ചുകളഞ്ഞാണ് ബിഗ്‌ബോസ് ഹൗസിന്റെ പടിയിറങ്ങുന്നത്.ഒരു ഗെയിം ഷോയാണെന്ന ഉത്തമ ബോധ്യത്തോടെ ബിഗ്‌ബോസ് ഹൗസില്‍ നിന്ന സാബു തന്ത്രപരമായും ബുദ്ധിപരമായും കളിച്ചാണ് വിജയത്തിലെത്തിയത്.ഒടുവില്‍ തന്നെ് വെറുത്തവരുടെയെല്ലാം സ്‌നേഹം സമ്പാദിച്ചാണ് സാബു മടങ്ങിയത്.സ്ത്രീവിരുദ്ധനിലപാടുകളുടെ പേരില്‍ ഇപ്പോഴും കേസുകള്‍ പോലും നിലനില്‍ക്കുമ്പോഴാണ് ഷോയില്‍ മുഖ്യ എതിരാളിയായ പേളി ഉള്‍്െപ്പടെ വനിതാ മല്‍സരാര്‍ത്ഥികളുടെയെല്ലാം മിത്രമായി സാബു മാറിയത്.
രണ്ടാം സ്ഥാനം നേടിയ പേര്‍ളി മാണി ചാനലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി ത്തന്നെയാണ് ഷോയില്‍ എത്തിയത്.എന്നാല്‍ ബിഗ്‌ബോസ് വീട്ടിലെ സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ പലപ്പോഴും ഇവര്‍ ദുര്‍ബലയായത് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു.ഓരോസമയത്തും ഓരോ മുഖമായിരുന്നു പേളിക്കെന്നാണ് പ്രേക്ഷകപക്ഷം.ശ്രീനിഷുമായുള്ള പ്രണയം ചാനല്‍ റേറ്റിംഗിനായി കൊണ്ടാടിയെങ്കിലും ഒടുവില്‍ ചാനല്‍ത്തന്നെ ഇവരെ തള്ളിയിടുകയായിരുന്നു.പേളിയുടെ നിലപാടുകള്‍ മൂലം പ്രണയത്തിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയും ഷോയില്‍ നിന്നും പുറത്തിറങ്ങിയ മല്‍സരാര്‍ത്ഥികള്‍ പോലും പേളിക്കെതിരായുും സാബുവിന് അനുകൂലമായും പ്രചരണം നടത്തുകയും ചെയ്തു.ഇത് പേളിയുടെ ജനപ്രീതിയെ ബാധിച്ചുവെന്നു വേണം കരുതാന്‍.
ഇതൊക്കെയാണെങ്കിലും ടാസ്‌കുകളില്‍ അസാധ്യമായ ഊര്‍ജത്തോടുകൂടി കളിച്ച പേളിയുടെ ഏറ്റവും നല്ല ഗുണമായി പ്രേക്ഷകര്‍ എടുത്തു പറയുന്നത് പരദൂഷണം പറയില്ല എന്നതും എത്ര ദ്രോഹിക്കുന്നവരോടും സ്ഥായിയായ ശത്രുത പുലര്‍ത്തുകയില്ലെന്നുള്ളതും.
മോഡലായ ഷിയാസ് കരീം ആണ് മൂന്നാം സ്ഥാനത്തെത്തിയത്.അത്രയധികം അറിയപ്പെടാതിരുന്ന ഷിയാസിന് വലിയ മൈലേജാണ് ബിഗ്‌ബോസ് ഷോയിലൂടെ ലഭിച്ചത്.ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയത്.