ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കി കോടികളുടെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് .മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന് മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.യെദ്യൂരപ്പയുടെ ഡയറിയിലാണ് മുതിര്‍ന്ന നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന കോഴ ഇടപാടിന്റെ വിവരങ്ങളുള്ളത്. ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഉള്ള യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടു. കര്‍ണ്ണാടക മുഖ്യമന്ത്രിയാവുന്നതുള്പ്പെടെയുള്ള രാഷ്ട്രീയ നേട്ടത്തിനായി 1800 കോടി രൂപയോളം രൂപ മുതിര്‍ന്ന ബിജെപി നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കു നല്‍കിയെന്നാണ് യദ്യൂരപ്പ ഡയറിയില്‍ കുറിച്ചിരിക്കുന്നത്.
2017-ല്‍ ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയിലാണ് കോഴയുടെ കണക്കുകളുള്ളതെന്ന് ‘കാരവാന്’ മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇപ്പോഴാണ് ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നല്കി. നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റിലിക്കും 150 കോടി, രാജ്നാഥ് സിങ്ങിന് 100 കോടി,നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി,അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി എന്നിങ്ങനെ നല്കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയതായും രേഖയുണ്ട്.
എന്നാല്‍ 1800 കോടി രൂപയുടെ കോഴ സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നിട്ടും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.ആദായ നികുതി വകുപ്പിന് രേഖകള്‍കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ 1800 കോടി രൂപയുടെ കോഴയ്ക്ക് മോദി കുട പിടിച്ചുവെന്നും കാവല്ക്കാരന് കള്ളനാണെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ ആരോപിച്ചു.