ദില്ലി:ബിജെപിയിലേക്കെന്ന വ്യക്തമായ സൂചന നല്‍കി എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.പാര്‍ലമെന്റ് മന്ദിരത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.ബിജെപിയില്‍ ചേരൂ എന്ന് പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ന് തന്നെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെക്കാണുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിലുടനീളം മോദിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പുകഴ്ത്തുകയും ചെയ്തിരുന്നു.