ദില്ലി:ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മദ്യരാജാവ്
വിജയ് മല്യ.രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍.മല്യയെ
ഇന്ത്യയിലേക്ക് നാടുകടത്തുന്നതു സംബന്ധിച്ച കേസ് നടക്കുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ് മല്യ.
കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും എന്നാല്‍ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നെന്നും വിജയ് മല്യ ആരോപിച്ചു.
എന്നാല്‍ മല്യയുടെ വെളിപ്പെടുത്തല്‍ അരുണ്‍ ജെയ്റ്റ്‌ലി നിഷേധിച്ചു.2014-ന് ശേഷം മല്യയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് ജയ്റ്റ്‌ലി പറഞ്ഞത്.
ബാങ്കുകളില്‍ നിന്നും കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കേസില്‍പ്പെട്ട് നാടുവിട്ട വിജയ്മല്യ ഇപ്പോള്‍ ജയിലിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ലണ്ടനില്‍ തുടരുകയാണ്.
രാജ്യം വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യം വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.