മുംബൈ:ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനു ബോധ്യമുണ്ടായിരുന്നതായി അഭിഭാഷകനായ കെ പി ശ്രീജിത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്നും ശ്രീജിത്ത് പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസാണ് അഭിഭാഷകനുമായുള്ള അഭിമുഖം പുറത്തുവിട്ടത്.
ഏപ്രില്‍ 18 ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്‌ക്കെത്തിയെന്നും കെ പി ശ്രീജിത്ത് പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നെന്നും വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും ശ്രീജിത്ത് പറഞ്ഞു. എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചത്.യുവതി പണംതട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്നതാണെന്നും കുട്ടി തന്റേതല്ലെന്നും ബിനോയ് പറഞ്ഞത് മാതാപിതാക്കള്‍ വിശ്വസിക്കുകയായിരുന്നു.
പണം തട്ടാനുള്ള ശ്രമമാണെന്ന് കോടിയേരിയും പറഞ്ഞു.യുവതി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ബിനോയിയും അമ്മയും അത് അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ തുടര്‍ന്നും പണം ചോദിച്ചുകൊണ്ടേയിരിക്കുമെന്നാണ് ബിനോയ് പറഞ്ഞത്.അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞുവെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി.
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ബിനോയ് വൈകാരികമായി പ്രതികരിച്ചതോടെ മധ്യസ്ഥ ചര്‍ച്ച ഉപേക്ഷിക്കുകയായിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു.