മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കു മുന്‍കൂര്‍ ജാമ്യം.മുംബൈ ദിന്‍ഡോഷി കോടതിയാണ് ബിനോയിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.25000 രൂപ കോടതിയില്‍ കെട്ടിവെക്കണം.ഒപ്പം ഒരു ആള്‍ ജാമ്യവും വേണം.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ കൈമാറണം എന്നിവയാണ് ബിനോയിക്ക് മുന്‍കൂര്‍ ജാമ്യത്തിനുള്ള വ്യവസ്ഥകള്‍.ഒരു വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
5 കോടി രൂപ തട്ടിയെടുക്കാന്‍ വേണ്ടി യുവതി കള്ളക്കേസ് നല്‍കി എന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ബിനോയ് വാദിച്ചത്. വിവാഹം കഴിഞ്ഞെന്ന് യുവതി വ്യാജരേഖ ഉണ്ടാക്കിയെന്നും അതേസമയം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തെന്നും വാദിച്ചു. യുവതിക്ക് മറ്റുബന്ധങ്ങളുണ്ടെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.
അതേസമയം യുവതിയുടെ അഭിഭാഷകനും ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിരുന്നു. ബിനോയിയും യുവതിയും മുംബൈയില്‍ ഒരുമിച്ചു താമസിച്ചതിന്റെ രേഖകളും ബിനോയ് പണമയച്ചു നല്‍കിയതിന്റെ രേഖകളും സ്വന്തം ഇമെയിലില്‍ നിന്ന് ബിനോയ് യുവതിക്കും കുഞ്ഞിനും വിസയും വിമാന ടിക്കറ്റും അയച്ചു നല്‍കിയതിന്റെ തെളിവുകളും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ബിനോയ് കുട്ടിയെ തട്ടിക്കൊണ്ടുപോവുമെന്നു ഭീഷണിപ്പെടുത്തിയെന്നും ബിനോയിയുടെ അച്ഛന്‍ മുന്‍മന്ത്രിയാണെന്നും നേരത്തെ ക്രിമിനല്‍കേസുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് യുവതിക്കും കുഞ്ഞിനും ഭീഷണിയാണെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി ഉപാധികളോടെ ബിനോയിക്കു ജാമ്യം നല്‍കുകയായിരുന്നു.