കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ടു മുംബൈ പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനെത്തിയത്. ബീഹാര്‍ സ്വദേശിനിയായ 34 കാരി മുംബൈ പോലീസില്‍ നല്കിയ പരാതിയില്‍ ബിനോയിയുടെ കണ്ണൂരിലെ തിരുവങ്ങാട്ടെ വീടിന്റെ അഡ്രസാണ് നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
യുവതിയുടെ പരാതിയില്‍ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ വച്ച് മൊഴിയെടുപ്പു തുടങ്ങി.കേസില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.എന്നാല്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.
തങ്ങളുടെ ബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍ കൈവശമുണ്ടെന്ന് യുവതി അറിയിച്ചിരുന്നു.ബിനോയിയുമായുള്ള വാട്സ്ആപ് സന്ദേശങ്ങളും ഫോട്ടോകളുമുള്‍പ്പെടെ പരിശോധിക്കും.
യുവതിക്കെതിരെ ബിനോയ് നല്കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.