മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയുടെ വിധി ഇന്നറിയാം. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ഇന്നുച്ചയ്ക്കുശേഷമാണ് ഹര്‍ജിയില്‍ വിധി പറയുക. ബിനോയിക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് മുംബൈ പോലീസ് പറയുന്നത്.കേസിനു പിന്നാലെ ബിനോയി ഒളിവില്‍ പോയിരിക്കുകയാണ്.
അതേ സമയം ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതി മുമ്പാകെ ഹാജരാക്കുമെന്നാണറിയുന്നത്.കേസില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിക്കാന്‍ യുവതിക്ക് കോടതി അനുമതി നല്‍കിയിരുന്നു.നേരത്തേ തന്നെ ബിനോയിക്കെതിരായി യുവതി ശക്തമായ തെളിവുകള്‍ നല്‍കിയിരുന്നു.യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ് നല്‍കിയിരിക്കുന്നത്.കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരും ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈയില്‍ യുവതിയും ബിനോയിയും ഒരുമിച്ചു താമസിച്ചതിന്റെ രേഖകളും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഒപ്പം ബിനോയ് ഇവര്‍ക്ക് പണമയച്ചു നല്‍കിയതിന്റെ ബാങ്ക് രേഖകളുമുണ്ട്.