കൊച്ചി:ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊച്ചിന്‍ റിഫൈനറിയില്‍ ബിപിസിഎല്ലിന്റെ ഐ.ആര്‍.ഇ.പി. പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൂടുതലായി ഇനി കൊച്ചിയിലേക്കെത്തുമെന്നും മോദി പറഞ്ഞു.എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറ് കോടി ദരിദ്രരായ ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതൊരു ചരിത്രദിനമാണ്.കേരളത്തിലെ ഏറ്റവും വലിയ വ്യവസായ യൂണിറ്റായ കൊച്ചിന്‍ റിഫൈനറി അതിന്റെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.കേരളത്തിന് മാത്രമല്ല രാജ്യത്തിനൊന്നാകെ ഇത് അഭിമാനനിമിഷമാണ്. പ്രകൃതി സൗഹൃദ വാതകം കേരളത്തിലേയും സമീപജില്ലകളിലേയും ലക്ഷക്കണക്കിന് പേര്‍ക്ക് എത്തിച്ചു കൊണ്ട് മഹത്തായൊരു സേവനമാണ് ഭാരത് പെട്രോളിയത്തിന് കീഴിലുള്ള കൊച്ചിന്‍ റിഫൈനറി കഴിഞ്ഞ അന്‍പത് വര്‍ഷമായി നിര്‍വഹിച്ചു പോരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനം മുന്‍കയ്യെടുത്തെന്നും പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നികുതി ഇളവടക്കം നല്‍കിയിട്ടുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍,അല്‍ഫോണ്‍സ് കണ്ണന്താനം, ഗവര്‍ണര്‍ പി.സദാശിവം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തിയ മോദി തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗമാണ് കൊച്ചി റിഫൈനറിയിലെത്തിയത്.