തിരുവല്ല: പ്രാർത്ഥനകളും സ്തുതിത്രോത്രഗാനങ്ങളും മുഖരിതമായ അന്തരീക്ഷത്തിൽ നൂറ് കണക്കിന് വിശ്വാസികളുടെയും വൈദീകരുടെയും സാന്നിദ്ധ്യത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് 11 ശെമ്മാശന്മാരെ കശ്ശീശാപ്പട്ടം നല്കി ശുശ്രൂഷയിലേക്ക് ഉയർത്തി. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് നടന്ന ശുശ്രൂഷക്ക് സഭാ പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം നല്കി.
ചെന്നെ- ബംഗ്ളുരു ഭദ്രാസനാധിപൻ ഡോ.സാമുവേൽ മോർ തെയോഫിലോസ് എപ്പിസ്ക്കോപ്പ, നിരണം ഭദ്രാസന സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ സഹകാർമികത്വം വഹിച്ചു. സഭയുടെ ഉപഹാരം മെത്രാപ്പോലീത്ത സമ്മാനിച്ചു.സഭാ സെക്രട്ടറി ഫാദർ.ഡോ. ദാനിയേൽ ജോൺസൺ,വീണാ ജോർജ് എം.എൽ.എ ,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.
വെള്ളപ്പൊക്കക്കെടുതിയുള്ള പ്രദേശങ്ങളിൽ പരമാവധി സന്നദ്ധ പ്രവർത്തനങ്ങൾ നിർവഹിക്കുവാനും അശരണർക്ക് ആശ്വാസമായി സഭാ മക്കൾ നിലകൊള്ളണമെന്നും മോറാൻ മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.