തിരുവനന്തപുരം: മതങ്ങളുടെ ലക്ഷ്യം നന്മയായിരിക്കണമെന്നും നിരാലംബ സമൂഹത്തിന്റെ കണ്ണീരൊപ്പുന്നതിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ദർശനം മാതൃകാപരമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ 54 -മത് ഭദ്രാസനമായ തിരുവനന്തപുരം ഭദ്രാസന ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ഗവർണർ.
ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ഭദ്രാസന ഭാരവാഹികളുടെയും മറ്റ് വൈദീകരുടെയും സാന്നിദ്ധ്യത്തിൽ രാവിലെ 11ന് ഭദ്രാസന ഓഫീസിന്റെയും ചാപ്പലിന്റയും കൂദാശ നിർവഹിച്ചു.നിരണം ഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പാ,ജോഷ്വാ മോർ ബർണബാസ് എപ്പിസ്കോപ്പാ എന്നിവർ സഹകാർമികത്വം വഹിച്ചു.
വൈകുന്നേരം 4.30 ന് നടന്ന പൊതുസമ്മേളനത്തിൽ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു.മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ റൈറ്റ്.റവ. ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പാ അനുഗ്രഹ പ്രാർത്ഥന നിർവഹിച്ചു. സംസ്ഥാന വ്യവസായ – യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ,കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത,പി.ആർ.ഓ ഫാ.സിജോ പന്തപള്ളിൽ, സഭാ സെക്രട്ടറി ഫാദർ ഡോ.ദാനിയേൽ ജോൺസൺ എന്നിവർ പ്രസംഗിച്ചു.വിവിധ സഭ, സംഘടന പ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും പങ്കെടുത്തു.