വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ലൈംഗിക ആരോപണങ്ങളില്‍ നിറഞ്ഞ് നിന്ന ബില്‍ ക്ലിന്റന് വീണ്ടും ശനിദശ. അദ്ദേഹത്തിനെതിരേ ലൈംഗിക അതിക്രമ പരാതിയുമായി സ്ത്രീകള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രസിഡന്റ് പദമൊഴിഞ്ഞ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ കാലഘട്ടത്തില്‍ ക്ലിന്റന് തങ്ങളോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയുമായി നാല് സ്ത്രീകളാണ് രംഗത്തുവന്നിരിക്കുന്നത്.
ബില്‍ ക്ലിന്റനെതിരേ പുതിയ ആരോപണവുമായി നാല് സ്ത്രീകള്‍ എത്തിയെന്നും വന്‍തുക നഷ്ടപരിഹാരം നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനം അവര്‍ മുന്നോട്ടുവച്ചെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് തവണയായി എട്ടുവര്‍ഷത്തോളം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ക്ലിന്റന് പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം റോണ്‍ ബര്ക്ലി എന്ന കോടീശ്വരനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്താണ് പരാതിക്ക് കാരണമായ സംഭവമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍ക്ലിയുടെ സ്വകാര്യ ജെറ്റില്‍ ക്ലിന്റന് സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ സമയം ബര്‍ക്ലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചിട്ടുള്ളത്.
1993 മുതല്‍ 2001 വരെയുള്ള എട്ടുവര്‍ഷമാണ് ബില്‍ ജെഫേഴ്സണ്‍ ക്ലിന്റന് അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. ഏറെ ജനകീയനായ പ്രസിഡന്റായിട്ടായിരുന്നു വൈറ്റ് ഹൗസിലേക്ക് 47 വയസുകാരനായ ക്ലിന്റന് എത്തിയത്. ഭരണകര്‍ത്താവ് എന്ന നിലയില്‍ ഏറെ മികവ് കാട്ടിയെങ്കിലും വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്സ്കിയുമായിട്ടുണ്ടായ വിവാഹേതിര ലൈംഗിക ബന്ധത്തിന്റെ പേരില്‍ ഏറെ വിവാദം സൃഷ്ടിച്ചയാളാണ് ക്ലിന്റന്.