കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.അല്ലെങ്കില്‍ ഇടത് പക്ഷത്തിനായി പ്രസംഗിക്കാന്‍ പോകുന്ന തന്റെ മുഖത്ത് ജനങ്ങള്‍ തുപ്പുമെന്നും ചുള്ളിക്കാട് പറഞ്ഞു.കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തിയ കവി കത്തോലിക്ക സഭയേയും രൂക്ഷമായി വിമര്‍ശിച്ചു.
കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ഈ ദൈവദാസികള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല.കത്തോലിക്ക സഭ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷുകാരെ അനുകൂലിക്കുകയും മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവെന്ന് മുദ്രകുത്തുകയും ചെയ്തവരാണ്.നമ്മുടെ നിയമങ്ങള്‍ ഒന്നും കത്തോലിക്ക സഭയ്ക്ക് ബാധകമല്ല. അവര്‍ ഉണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണവര്‍ വാദിക്കുന്നത്.അങ്ങനെയൊരു സഭയില്‍നിന്ന് ആര്‍ക്കെങ്കിലും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ല.ചുള്ളിക്കാട് വ്യക്തമാക്കി.
നാലുപതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജയിപ്പിക്കാന്‍ ഈ എറണാകുളമടക്കം കേരളത്തിലെ തെരുവുകളില്‍ പ്രസംഗിക്കുന്നയാളാണ് താന്‍. തുടര്‍ന്നും പ്രസംഗിക്കുവാന്‍ ചെല്ലുമ്പോള്‍ ജനങ്ങള്‍ തന്റെ മുഖത്ത് ജനങ്ങള്‍ തുപ്പാതിരിക്കാന്‍,ഈ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു, എന്തെങ്കിലും ചെയ്യണം. നിയമനടപടിയെടുക്കണം.അല്ലെങ്കില്‍ നാളെ നിങ്ങളെ വിജയിപ്പിക്കാന്‍ ഈ ഹൈക്കോടതി ജങ്ഷനില്‍ നാളെ ഞാന്‍ പ്രസംഗിക്കുമ്പോള്‍ എന്റെ മുഖത്ത് ജനങ്ങള്‍ തുപ്പും.ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.