കൊച്ചി:ബിഷപ്പ് ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.അറസ്റ്റ് തടയണം എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടില്ല.
ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് വേണമോ എന്ന കാര്യം അന്വേഷണോദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നും പരാതിയില്‍ പറയുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്നുമാണ് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അതേസമയം ഫ്രാങ്കോയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.ഇതിന് മുമ്പ് തന്നെ അദ്ദേഹം അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാക്കും.വൈക്കത്ത് വച്ച് തന്നെയായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക.മൂന്നു ദിവസം ചോദ്യം ചെയ്യലിനായി വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ബിഷപ്പ് കേരളത്തിലേക്കു തിരിച്ചെന്നാണ് സൂചന.