കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളുമായി വത്തിക്കാന്‍ പ്രതിനിധിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീ കത്തയച്ചു.മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയും കഴുകന്‍ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ കാണുന്നതെന്ന ഗുരുതരമായ ആരോപണവും കത്തിലുണ്ട്.ഫ്രാങ്കോ മുളയ്ക്കല്‍ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും കത്തോലിക്കാ സഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമാണ് പരിഗണനയെന്നും കത്തില്‍ പറയുന്നു.
ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചിരുന്നുവെന്നും പരാതി നല്‍കിയ ശേഷവും ദുരനുഭവങ്ങളാണുണ്ടായതെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു.ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ മറ്റ് സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് പതിവ് രീതി.ബിഷപ്പുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയിട്ടുണ്ട്.സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് അനുഭവം തെളിയിച്ചെന്നും കത്തില്‍ പറയുന്നു.
അതേസമയം നീതി കിട്ടുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വ്യക്തമാക്കി.