കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്‍കിയ പരാതി പോലീസിനു ലഭിച്ചു.ബിഷപ്പ് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കാട്ടി കന്യാസ്ത്രീ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് കഴിഞ്ഞ ദിവസം കന്യാസ്ത്രീയുടെ കുടുംബം പോലീസിന് കൈമാറിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആലഞ്ചേരിയുടെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.
കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാട്.തന്നെ കാണാന്‍വന്നു വിവരങ്ങള്‍ പറഞ്ഞതേയുള്ളെന്നാണ് ആലഞ്ചേരി പറഞ്ഞത്.എന്നാല്‍ പരാതി നല്‍കിയപ്പോള്‍ വേണ്ട നടപടിയെടുക്കാമെന്നും എന്നാല്‍ വിവരം മാധ്യമങ്ങളോടും മറ്റാരോടും പറയരുതെന്നുമാണ് ആലഞ്ചേരി നിര്‍ദേശിച്ചതെന്നാണ് കന്യാസ്ത്രീയുടെ കുടുംബം പറഞ്ഞത്.കര്‍ദിനാളിനൊപ്പം കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ്പ്,കുറവിലങ്ങാട് പള്ളി വികാരി എന്നിവരില്‍ നിന്നും മൊഴിയെടുക്കും.