കോട്ടയം:കന്യാസ്ത്രീകളുടെ സമരത്തിന് പിന്‍തുണയേറിയതോടെ ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ കേരള പോലീസിന് എന്തെങ്കിലും നടപടിയെടുത്തേ മതിയാവൂ എന്ന അവസ്ഥയിലെത്തി.കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ വിളിച്ച് വരുത്താന്‍ തീരുമാനിച്ച അന്വേഷണസംഘം മറ്റന്നാള്‍ ബിഷപ്പിന് നോട്ടീസ് അയയ്ക്കും.ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ യോഗം നാളെ കൊച്ചിയില്‍ ചേരും.
അതേസമയം പീഡനപരാതി ഉയര്‍ത്തി കന്യാസ്ത്രീകള്‍ തനിക്കെതിരേ നടത്തുന്ന സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.സഭാവിരുദ്ധരാണ് കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നത്. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി നടത്തുന്ന സമരത്തിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്.നിയമനടപടികളുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
കേരളാ പോലീസ് ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ വിശദമായി മൊഴി നല്‍കിയിരുന്നു.എന്നാല്‍,അതിനെക്കുറിച്ച് പഠിക്കാന്‍പോലും കേരളാ പോലീസിന് സമയം നല്കുന്നില്ല.തന്റെ മൊഴിയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പഠിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സമയമെങ്കിലും പോലീസിന് നല്‍കണം.എങ്കിലേ തനിക്ക് നീതി ലഭിക്കൂ.കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കുന്നില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.