തിരുവനന്തപുരം: സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പറേഷന് ഏറ്റുമാനൂര്‍ ഐടിഐയുടെ കൈവശമുളള 8.85 ഹെക്ടര്‍ ഭൂമിയില്‍നിന്നും 3.24 ഹെക്ടര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ബിപിസിഎല്ലിന്റെ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കി. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്പന്‍ചോല (ഇടുക്കി), മേല്‍പ്പറമ്പ (കാസര്‍കോട്) എന്നീ സ്ഥലങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകള്‍ വരുന്നത്. വടകര പൊലീസ് കണ്‍ടോള്‍ റൂമില്‍ 50 പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
കാര്‍ഷിക കര്‍മ്മസേനകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രൊഫ. യു. ജയകുമാരനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഫാമിങ് കോര്‍പ്പറേഷന്‍ ഡയറക്ടറായിരുന്ന എല്‍. ഷിബുകുമാറിനെ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിങ് കമ്പനിയുടെ എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു. നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. കേരള ബ്ലഡ് ബാങ്ക് സൊസൈറ്റിക്ക് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ 15.5 സെന്റ് ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.
കേരളത്തിലെ മുന്‍ നാട്ടുരാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ഫാമിലി ആന്റ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ ഏകീകരിച്ച് 3000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരൂമാനിച്ചു. പേഴ്‌സണല്‍ സ്റ്റാഫായി വിരമിച്ചവരുടെ അനന്തരാവകാശികള്‍ക്കുളള കുടുംബ പെന്‍ഷന്‍ കെ.എസ്.ആര്‍ ചട്ടങ്ങള്‍ക്കനുസൃതമായി പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. വ്യവസായ പരിശീലന വകുപ്പില്‍ ഐടി സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ആറ് തസ്തികകള്‍ സൃഷ്ടിക്കും. കിന്‍ഫ്രയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 29 ജീവനക്കാരെ നിലനിര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010 മുതല്‍ 2014 വരെയുളള വര്‍ഷങ്ങളിലേക്ക് നീക്കിവെച്ച ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് മാന്വലായി അപേക്ഷ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു.