ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്.ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിലാണ് യോഗേഷ് രാജ് അറസ്റ്റിലായത്. വര്‍ഗീയകലാപം നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനും കേെസടുത്തു. പശുക്കളെ കശാപ്പുചെയ്‌തെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത് യോഗേഷാണ്.അതുകൊണ്ടുതന്നെ ഇയാളാണ് കലാപത്തിന്റെ ആസൂത്രകനെന്നു പോലീസിനു മനസ്സിലാവുകയും ചെയ്തു.
ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന പേരില്‍ 2015ല്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സുബോധ്കുമാര്‍. അഖ്ലാഖിന്റെ വീട്ടില്‍ പശു ഇറച്ചിയല്ല സൂക്ഷിച്ചിരുന്നതെന്നു കണ്ടെത്തിയത് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിംങ് ആയിരുന്നു.അതുകൊണ്ടുതന്നെ കലാപത്തിന്റെ മറവില്‍ പോലീസുദ്യോഗസ്ഥനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
സംഘപരിവാര്‍ സംഘടനകളായ ഹിന്ദു യുവവാഹിനിയുടെയും ബജ്റംഗ്ദളിന്റെയും പ്രവര്‍ത്തകരാണ് ബുലന്ദ്ഷഹറില്‍ കലാപം അഴിച്ചുവിട്ടത്.മഹോവ് ഗ്രാമത്തിന് സമീപത്തെ വനത്തില്‍നിന്ന് പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയെന്നതായിരുന്നു കലാപത്തിന് കാരണം.കലാപകാരികള്‍ പൊലീസ് പോസ്റ്റ് കത്തിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
അക്രമികള്‍ പൊലീസുകാര്‍ക്കുനേരെ നിരവധി തവണ വെടിയുതിര്‍ത്തു. അക്രമത്തില്‍ പരുക്കേറ്റ സുബോധ്കുമാറിനെയും കൊണ്ട് ആശുപത്രിയിലേക്കും പോകുംവഴിയാണ് അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തത്.