ഡല്‍ഹി:യുപിയിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസുദ്യോഗസ്ഥന് കൊല്ലപ്പെട്ടതില്‍ ദുരൂഹത.സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ് ദാദ്രിയില്‍ ഗോഹത്യയുടെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സൈന സ്റ്റേഷന് ഓഫീസറായ സുബോധ്കുമാര്‍ സിംഗ് വെടിയേറ്റു മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച്ച കലാപമുണ്ടായത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിച്ചു.ഇതിനിടെയാണ് സുബോധ്കുമാര്‍ സിംഗിനു പരുക്കേറ്റത്.തുടര്‍ന്ന് സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.സുബോധ്കുമാര്‍ സിംഗിന്റെ തലച്ചോറില്‍ വെടിയുണ്ട തറച്ച നിലയിലായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്.
2015 സെപ്തംബറിലാണ് യുപിയിലെ ദാദ്രിയില്‍ പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഖ്ലാഖിനെ അടിച്ചുകൊന്നത്. കേസ് തുടക്കത്തില്‍ അന്വേഷിച്ച സുബോധ്കുമാര്‍ പ്രതികളെ വേഗത്തില്‍ പിടികൂടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
അഖ്ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ മാംസം പരിശോധനയ്ക്കായി ലാബിലെത്തിച്ചപ്പോള് പശുമാംസം അല്ലെന്നായിരുന്നു ലാബ്പരിശോധനയിലെ കണ്ടെത്തല്‍.അന്വേഷണ ഘട്ടത്തിനിടയില്‍ സുബോധിനെ വാരാണസിയിലേക്ക് സ്ഥലംമാറ്റിയത് സംഘപരിവാര്‍ സമര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.
സുബോധ്കുമാര്‍ സിംഗിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ യുപി സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മെച്ചപ്പെട്ട പെന്ഷന് അനുവദിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.