[author ]രഹ്‌ന വി. എം.[/author]ഉത്സവം, അഞ്ജലി, അവളുടെ രാവുകള്‍, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ… ഇങ്ങനെ നീണ്ടു പോവുന്നു ഐ. വി. ശശി എന്ന മാറ്റങ്ങളുടെ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളുടെ നിര. ഐ. വി. ശശി സിനിമാ ലോകത്തു നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തോളവുന്നു. ഒടുവില്‍ സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പുകളുടെ ഫലമെന്നോണമാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകളെത്തിയത്.
ബേണിംങ് വെല്‍സ്, ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ലോകത്തിന് സമ്മാനിക്കാന്‍ ഐ. വി. ശശി കരുതി വച്ച ചിത്രം. ഇക്കാര്യം സ്വന്തം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ചലച്ചിത്രാസ്വാദകര്‍ക്കായി പങ്കുവച്ചത്. കുവൈത്ത് യുദ്ധത്തെ ആസ്പദമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി ഐ. വി. ശശി തിരിച്ചെത്തുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം പിടിച്ചത് 2015 നവംബറോടെയായിരുന്നു.
ഡാം 999 എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ ആര്‍ജ്ജിച്ച സോഹന്‍ റോയിയെ നിര്‍മാതാവാക്കി കൊണ്ട് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് എന്നീ ഭാഷകളില്‍ ഒരുക്കുന്ന ഒരു ബഹുഭാഷാ ചിത്രമെന്ന സ്വപ്നമാണ് അദ്ദേഹം ബാക്കി വച്ചത്.
ബേണിംങ് വെല്‍സ് ആദ്യം ഇംഗ്ലീഷില്‍ പുറത്തുറങ്ങുമെന്നായിരുന്നു സോഹന്‍ റോയ് അറിയച്ചത്. ചിത്രത്തിന്റെ ചിത്രീകരണം കുവൈറ്റില്‍ ഉടന്‍ ആരംഭിക്കുമെന്നും 2018 ഓടെ തീയറ്ററുകളിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
പക്ഷേ, ‘ഉത്സവം’ എന്ന ചിത്രത്തിലൂടെയെത്തി മലയാളത്തിന്റെ സിനിമാ ചരിത്രത്തില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ മലയാളത്തിന്റെ പ്രിയസംവിധായകന് ‘വെള്ളിത്തൂവല്‍’ എന്ന ചിത്രത്തോടെ വിട പറയേണ്ടി വന്നു.
ബേണിംങ് വെല്‍സ് എന്ന ചിത്രം സിനിമാ ലോകത്തിന്റെ എന്നന്നേക്കുമുള്ള നഷ്ടം തന്നെയാണ്. എന്നിരുന്നാലും ഐ.വി. ശശി എന്ന സംവിധായന്‍ മരണത്തിനുമപ്പുറം മലയാളികളുടെ ചിന്തകളിലും ചരിത്രത്തിലുമുണ്ടാകും, ഇതുവരെയും സമ്മാനിച്ച നൂറ്റി എഴുപതോളം ചലച്ചിത്രങ്ങളിലൂടെ…