തിരുവനന്തപുരം:രാജ്യാന്തരചലച്ചിത്രമേളയോടനുബന്ധിച്ചു പ്രസിദ്ധ ഛായാഗ്രഹകന് അനില്‍ മേഹ്തയുടെ മാസ്റ്റര്‍ക്ലാസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ ഹോട്ടല്‍ ഹൊറൈസണിലാണ് ക്ലാസ്.ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമായി കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് സ്റ്റുഡന്‍സ് കൗണ്‍സിലാണ് മാസ്റ്റര്‍ ക്ലാസ് സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്രതലത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച ബോളിവുഡ് ഛായാഗ്രാഹകനായ അനില്‍ മെഹ്ത്ത മണി കൗള്‍ മുതല്‍ മജീദ് മജീദി വരെയുള്ള മാസ്റ്റേഴ്സിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പത്മരാജന് ആദരം
മലയാളികളുടെ പ്രിയ സംവിധായകന് പത്മരാജന് ആദരവായി രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് ‘ഹ്യൂമന്‍സ് ഓഫ് സംവണ്‍
‘ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6.15 ന് കലാഭവനിലാണ് പ്രദര്‍ശനം.പത്മരാജന്റെ സിനിമയും സാഹിത്യവും അഭിനിവേശമായ യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് പത്മരാജന്റെ സ്മരണാഞ്ജലിയായി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.പത്മരാജന്റെ പത്നി രാധാലക്ഷ്മി, മകന് അനന്തപത്മനാഭന്, മകള്‍ മാധവിക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സംവിധായകന് സിബിമലയില്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. സുമേഷ്ലാലാണ് ഹ്യൂമന്‍സ് ഓഫ് സംവണ്‍
സംവിധാനം ചെയ്തിരിക്കുന്നത്.
റിമമ്പറിംഗ് ദ മാസ്റ്റര്‍ വിഭാഗത്തില്‍ ‘അമദ്യൂസ്’ ഇന്ന് പ്രദര്‍ശിപ്പിക്കും. മൊസാര്‍ട്ടിന്റെ കല്പിത ജീവിതാഖ്യായികയായ ഈ ചിത്രം 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ച സലിയേറി എന്ന ഇറ്റാലിയന്‍ സംഗീതജ്ഞന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.ദി ഫയര്‍മാന്‍സ് ബോള്‍ എന്ന ചിത്രം ഈ വിഭാഗത്തില്‍ ഡിസംബര്‍ 12 ന് പ്രദര്‍ശിപ്പിക്കും.
ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ ഇന്ന് വൈകിട്ട് മുതല്‍
സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പ്രദര്‍ശനങ്ങള്‍ മുടങ്ങിയ ടാഗോര്‍ തിയേറ്ററില്‍ ഇന്നു വൈകുന്നേരം മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.പ്രൊജക്ടര്‍ തകരാര്‍ പരിഹരിച്ചതിനെ തുടന്നാണ് പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കുന്നത്. വൈകിട്ട് ആറിന് അനാമിക ഹസ്ഗര്‍ സംവിധാനം ചെയ്ത ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് 8.30 ന് ലോക സിനിമാ വിഭാഗത്തില്‍ സെര്‍ജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത ഡോണ്‍ബാസ് പ്രദര്‍ശിപ്പിക്കും.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ കീഴിലുള്ള ടാഗോര്‍ തിയേറ്ററില്‍ ഡോള്‍ബി അറ്റ്മോസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1000 പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളുള്ള കേരളത്തിലെ ഏക തിയേറ്ററാണിത്.