കൊച്ചി:ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് കൊച്ചിയിലെ അഭിഭാഷകന്റെ വസതിയില്‍വെച്ച് ലീന മരിയ അന്വേഷണ സംഘത്തിന് രണ്ടാം വട്ടവും മൊഴി നല്‍കിയത്.തൃക്കാക്കര അസി.കമ്മീഷണര്‍ പിപി ഷംസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇവര്‍ ആവര്‍ത്തിച്ചു.
തനിക്കും അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ലീന പറഞ്ഞു.രവി പൂജാരിയ്ക്ക് എതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നടി വ്യക്തമാക്കി. ആര്‍ക്കു വേണ്ടിയാണ് രവി പൂജാരി വിളിക്കുന്നതെന്ന് തനിക്ക് അറിയില്ല.അയാളുമായി മുന്‍ പരിചയമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ലീന മരിയ പോള്‍ മൊഴി നല്‍കി.സംഭവം ഒത്ത് തീര്‍പ്പാക്കാന്‍ ലീന പ്രതികള്‍ക്ക് പണം നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ലീന മരിയ പറഞ്ഞു.
ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അധോലോക നേതാവ് രവി പൂജാരിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്.