ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ ചലഞ്ച് ദേശീയ പ്രശ്‌നമാണെന്നും ദൂരദര്‍ശന്‍ അടക്കം എല്ലാ ടെലിവിഷന്‍ ചാനലുകളും അപകടകാരിയായ ബ്ലൂ വെയിലിനെതിരെ ബോധവത്ക്കരണം നടത്തണമെന്നും സുപ്രീം കോടതി.

ബ്ലൂ വെയില്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ സ്‌നേഹ കലിതയാണ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നീരീക്ഷണം. ബ്ലൂ വെയിലിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാനും മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നവംബര്‍ 20ന് സുപ്രീം കോടതി തുടര്‍ വാദം കേള്‍ക്കും.

ഒരാഴ്ചയ്ക്കുള്ളില്‍ ഗെയിമിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ തയ്യാറാക്കി ചാനലിന്റ പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയയാണ് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി പിഎസ് നരസിംഹയും ബെഞ്ചിനു മുന്‍പാകെ ഹാജരായി.