തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം പാളയം മല്‍സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം.ഉദ്യോഗസ്ഥരെ മീന്‍ വില്‍പ്പനക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.മാര്‍ക്കറ്റില്‍ ചീഞ്ഞതും അമോണിയ കലര്‍ത്തിയതുമായ മീന്‍ വില്‍പ്പനയ്ക്കു കൊണ്ടുവരുന്നെന്ന് പരാതിയെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും പരിശോധനയ്‌ക്കെത്തിയത്. പഴകിയ മീനെന്ന പേരില്‍ നല്ല മീനും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാരോപിച്ചാണ് മീന്‍വില്‍പ്പനക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് മാര്‍ക്കറ്റില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു.ഇവിടെനിന്നും എഴുപത് കിലോയോളം ചീഞ്ഞ ചൂര മീന്‍ പിടിച്ചെടുത്തു.
ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന സമയയത്തുപോലും മിക്കയിടങ്ങളിലും ധാരാളം മീന്‍ വില്‍പ്പനയ്‌ക്കെത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.അമോണിയ കലര്‍ത്തി ദിവസങ്ങളോളം സൂക്ഷിക്കുന്ന മീനും പഴകിയ മീനുമാണ് ഇപ്പോള്‍ പല മാര്‍ക്കറ്റുകളിലും വില്‍ക്കുന്നതെന്നാണ് വ്യാപക ആരോപണം.