ഓരോരുത്തരും അവരവരുടെ ഭാഗം നിര്‍വ്വഹിക്കുന്നു. അങ്ങനെ പലരുടെയും പ്രവര്‍ത്തനങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഓരോ കാര്യവും സംഭവിക്കുന്നത്. ജീവവായു മുതല്‍ അന്നം വച്ചു വിളമ്പിത്തരുന്ന കൈകള്‍ വരെ നോക്കുമ്പോള്‍ ഈ പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരും ഓരോ രീതിയില്‍ നമ്മുടെ പ്രവൃത്തികളെ ഓരോ നിമിഷവും സഹായിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അറിവും വിവേകവും ഉള്ളവര്‍ സകലതിനോടും ഭക്തിയുള്ളവരായിരിക്കും! നേട്ടങ്ങളുടെ അവകാശം ഒറ്റയ്ക്ക് ഏറ്റെടുത്ത് അഹങ്കാരം വളര്‍ത്തുവാന്‍ തോന്നുമെങ്കില്‍ അത് നമ്മുടെ അജ്ഞതകൊണ്ട് തന്നെയാണ്! വിവേകാനന്ദസ്വാമികള്‍ പറയാറുള്ളത് ഇങ്ങനെയാണ്- ”ഏതൊരു കാര്യത്തിലും ‘അണ്ണാന്‍ കുഞ്ഞും തന്നാലായത്’ എന്നപോലെ അല്പം മണ്ണുകൊണ്ടുപോയി കുടഞ്ഞിട്ട് നമ്മുടെ ഭാഗം നാം നിര്‍വ്വഹിക്കുന്നു എന്നതില്‍ കവിഞ്ഞ് ഭഗവാന്‍ ചെയ്യുന്ന കാര്യത്തിന്‍റെ ആകെ അവകാശം ഭഗവാനെന്നല്ലാതെ നമുക്ക് ഏറ്റെടുത്ത് അഹങ്കരിക്കാവതല്ലല്ലോ?” ഭഗവാന്‍റെ കാര്യനിര്‍വഹണത്തിന് ഭഗവാന്‍റെ കരങ്ങളായി പ്രവര്‍ത്തിക്കുന്നു എന്നാകുമ്പോള്‍ നമുക്ക് ഫലത്തെക്കുറിച്ച് നല്ലതോ ചീത്തയോ എന്ന ആശങ്കയും വേണ്ട ജോലിയില്‍ അതൃപ്തിയും വേണ്ട! ഓം