തിരുവനന്തപുരം: ഭാഗ്യക്കുറി വില്‍പനയില്‍ ഇപ്പോള്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രതിമാസ വില്‍പന 600-650 കോടി രൂപയില്‍ നിന്ന് ഏകദേശം 900 കോടി രൂപയില്‍ എത്തിയിട്ടുണ്ടെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ക്രിസ്തുമസ് ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നടപ്പ് സാമ്പത്തിക വര്‍ഷം പതിനായിരം കോടിയിലധികം വിറ്റുവരവ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് വിറ്റുവരവിന്റെ 52 ശതമാനം സമ്മാനത്തുകയായി നല്‍കുകയാണ്. ഇത്രയധികം സമ്മാനം നല്‍കുന്ന മറ്റ് ഭാഗ്യക്കുറികള്‍ ഇന്ത്യയിലില്ല. ഏജന്റുമാര്‍ക്കുളള കമ്മീഷന്‍ കഴിഞ്ഞ് ഭാഗ്യക്കുറിയില്‍ നിന്ന് 24 ശതമാനത്തോളം തുക നികുതി ഉള്‍പ്പെടെ സര്‍ക്കാരിന് ലാഭമായി ലഭിക്കുന്നതായും ഈ തുക പൂര്‍ണ്ണമായും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് മന്ത്രിയില്‍ നിന്നും ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റ് ഏറ്റുവാങ്ങി. ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റ്റി. സുരേഷ് കുമാരി പങ്കെടുത്തു. ആറ് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന്റെ ടിക്കറ്റ് വില 200 രൂപയാണ്. 2018 ജനുവരി 24ന് നറുക്കെടുക്കും.