ശ്രീനഗര്‍:പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിക്ക് സജ്ജമായി ഇന്ത്യന്‍ സേന. കശ്മീര്‍ താഴ്വരയിലെ ഭീകരര്‍ കീഴടങ്ങാന്‍ അന്ത്യശാസനം നല്കി സൈന്യം.ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാന്‍ഡര്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന് ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി.
പുല്‍വാമയിലെ ആക്രമണം നടന്ന് നൂറ് മണിക്കൂറുകള്‍ക്കുള്ളില്‍ കശ്മീര്‍ താഴ്വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.ജയ്ഷെ മുഹമ്മദ് കശ്മീര്‍ കമാന്‍ഡര്‍ കമ്രാനും ഗാസി റഷീദും ഇന്നലെ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.ഒരു മേജറടക്കം നാല് സൈനികരും ഇന്നലത്തെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. മേജര്‍ വി എസ് ദണ്ഡിയാല്‍,ഹവീല്‍ദാര്‍മാരായ ഷിയോ റാം, അജയ് കുമാര്‍,ഹരി സിംഗ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. കാശ്മീരിലെ ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് സൈന്യം തിരിച്ചടിച്ചതെന്നും ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ വരരുതെന്നും ശക്തമായ തിരിച്ചടിക്ക് തന്നെയാണ് സൈന്യം തയ്യാറെടുക്കുന്നതെന്നും കമാന്‍ഡര്‍ ധില്ലന് വ്യക്തമാക്കി.
പാകിസ്ഥാന്റെയും ഐഎസ്ഐയുടെയും സഹായത്തോടെയാണ് പുല്‍വാമ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇന്ത്യയുടെ പക്കല്‍ തെളിവുണ്ടെന്നും സൈന്യം വ്യക്തമാക്കി.ജമ്മുകാശ്മീരില്‍ തിരിച്ചടി നല്കാന് ഇന്ത്യന്‍ സേനയുടെ എല്ലാവിഭാഗങ്ങളും സജ്ജമായിക്കഴിഞ്ഞു.സൈന്യത്തിന് തിരിച്ചടിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.