തിരുവനന്തപുരം: ഭൂമി മണ്ണിട്ട് നികത്തിയാല്‍ അതു രാഷ്ട്രീയ അഴിമതിയാവില്ലെന്ന് എന്‍.സി.പി ആക്ടിങ് പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍. അത്തരം തെറ്റുകള്‍ തിരുത്താന്‍ മറ്റുപ്രതിവിധികളുണ്ട്. എന്നിട്ടും രാഷ്ട്രീയ മര്യാദ പാലിച്ച തോമസ് ചാണ്ടിയുടെ രാജി പാര്‍ട്ടിയെ ഏല്‍പ്പിച്ചു. ഉന്നതമായ മാതൃക കാണിച്ചതിന്റെ ക്രെഡിറ്റാവും ഇതുമൂലം എന്‍.സി.പിക്ക് ലഭിക്കുക. മുന്നണിക്ക് ക്ഷീണം വന്നപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചതിലൂടെ പാര്‍ട്ടിയുടെ യശസ്സ് വര്‍ധിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമാണ്. മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കുന്ന സമീപനം സി.പി.ഐയുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നു. സി.പി.ഐയുടെ സമ്മര്‍ദ്ദം കൊണ്ട് രാജിവയ്ക്കേണ്ട കാര്യം രാജ്യത്തെ ഒരു പാര്‍ട്ടിക്കുമില്ല. മുഖ്യമന്ത്രിയുടെ ഉപദേശം കണക്കിലെടുത്താണ് രാജിവച്ചത്. രാജിയ്ക്ക് മുമ്പും ശേഷവുമുള്ള എന്‍.സി.പിയുടെ അഭിപ്രായം ഒന്നുതന്നെയാണ്. കുറ്റം ആരോപിക്കപ്പെട്ടതിന്റെ പേരിലല്ല രാജി. സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വിമര്‍ശനങ്ങളും അഭിപ്രായ രൂപീകരണവും വന്നതിനാലാണ് രാജിവച്ചത്. ഘടക കക്ഷികളെ ആക്ഷേപിക്കുന്നത് ശരിയാണോയെന്ന് സി.പി.ഐ ആലോചിക്കണം. അവരുടെ പാര്‍ട്ടിയുടെ നിലപാടാവും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.