കോട്ടയം:മണര്‍കാട് അരീപ്പറമ്പില്‍ 15 കാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തതിനെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ പ്രതി അജേഷ് സമ്മതിച്ചു. വ്യാഴാഴ്ച പകല്‍ കയറും ഷാളും ഉപയോഗിച്ച് കൊന്നതിന് ശേഷം രാത്രി ശവശരീരം കുഴിച്ചുമൂടിയെന്നും പ്രതി കുറ്റസമ്മതം നടത്തി.മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ഇയാള്‍ ജോലി ചെയ്തിരുന്ന ചെന്നിക്കര ഹോളോബ്രിക്‌സ് കമ്പനിയുടെ സമീപത്തെ വാഴക്കൂട്ടത്തിനിടയിലാണ് മൃതദേഹം കുഴിച്ചിട്ടത്.ഹോളോ ബ്രിക്‌സിന് സമീപത്തെ മുറിയിലാണ് പ്രതി താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അവസാനം വിളിച്ചത് മണര്‍കാട്ടെ ഹോളോബ്രിക്‌സ് കമ്പനിയിലെ ഡ്രൈവറായ അജേഷിനെ ആയിരുന്നു.തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ അജേഷ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും മൊബൈല്‍ ഫോണില്‍ നിരന്തരം വിളിക്കുകയും ചെയ്തിരുന്നു.അജേഷ് മുന്‍പ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചിരുന്നു.ഇയാള്‍ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.