പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പണികഴിപ്പിച്ച പുതിയ അന്നദാന മണ്ഡപത്തിലാണ് ഇക്കുറി ശബരിമലയില്‍ അന്നദാനം നടക്കുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിപ്പതിനായിരം പേര്‍ക്ക് ആഹാരം നല്‍കാന്‍ തക്ക വിധം ആധുനീക സജ്ജീകരണങ്ങളോടെയാണ് അന്നദാന മണ്ഡപം ഒരുക്കിയിരിക്കുന്നത്.
മാളികപ്പുറത്തിന് സമീപം മൂന്ന് നിലകളിലായിട്ടാണ് പുതിയ അന്നദാന മണ്ഡപം ഒരുക്കിയിരുന്നത്. ഇതില്‍ രണ്ട് നിലകള്‍ ഇതിനോടകം പൂര്‍ണ സജ്ജമായിട്ടുണ്ട്. 130000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം. 4 പേര്‍ക്ക് വീതം ഇരിക്കാനുള്ള സൗകര്യമുള്ള 500 സ്റ്റീല്‍ മേശകള്‍ നിരത്തിയിട്ടുണ്ട്. ഒരേസമയം 2000 പേര്‍ക്ക് 20 മിനിട്ട് കൊണ്ട് ഭക്ഷണം കഴിക്കാം. ട്രോളികളില്‍ എത്തിച്ചാണ് ഭക്ഷണ വിതരണം. 24 മണിക്കൂറും ഭക്ഷണം ലഭിക്കും.
ലിഫ്റ്റ് വഴിയാണ് ഓരോ നിലയിലേക്കും സാമഗ്രികള്‍ എത്തിക്കുന്നത്. ആധുനീക സജ്ജീകരണങ്ങളുള്ള അടുക്കളയില്‍ ഒരു ദിവസം പരമാവധി 1,10,000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാം. ഒരു മണിക്കൂറില്‍ 5000 പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കാം. 50 ടണ്‍ അരി, 25 ടണ്‍ പച്ചക്കറി, 20 ടണ്‍ പയറുവര്‍ഗ്ഗങ്ങള്‍ മുതലായവ സൂക്ഷിക്കുന്നതിന് പ്രത്യേകം ഗോഡൗണുകളുമുണ്ട്.