കൊച്ചി:ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ല,പമ്പ പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നുമാസത്തേക്ക് കയറാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം.
നവംബര്‍ 28നായിരുന്നു രഹ്‌ന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരിമല സ്ത്രീപ്രവേശന വിധി വന്നതിനുപിന്നാലെ കറുപ്പുടുത്ത് മാലയിട്ട് അയ്യപ്പഭക്തയുടെ വേഷത്തിലുള്ള ചിത്രം രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ചിത്രം അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന് കാണിച്ച് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.നേരത്തേ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ശബരിമലയില്‍ പോലീസ് സംരക്ഷണയോടെ നടപ്പന്തല്‍ വരെ യെത്തിയ രഹ്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് മലയിറങ്ങുകയായിരുന്നു.രഹ്നയെ മലകയറാന്‍ സഹായിച്ചതിന്റെ പേരില്‍ ഐജി ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പോലീസ് സേന വലിയ പഴി കേള്‍ക്കേണ്ടിവന്നിരുന്നു.
അറസ്റ്റിനു പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.